Thursday, July 24, 2008

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം

കോട്ടയം: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്‌തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി. ജെ. ജോസ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കി. www.lokayuktakerala.gov.in എന്ന വെബ്‌സൈറ്റിലാണ്‌ ദേശീയ പതാക ദുരുപയോഗം ചെയ്‌തിരിക്കുന്നത്‌. സൈറ്റിലെ മുഴുവന്‍ പേജുകളുടെയും പശ്ചാത്തലം ദേശീയപതാകയാണ്‌. ദേശീയപതാകയ്‌ക്കു മുകളിലൂടെയാണ്‌ വെബ്‌സൈറ്റിലെ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്‌. ഫ്‌ളാഗ്‌ കോഡിലെ സെക്ഷന്‍ 1 ലെ വകുപ്പ്‌ 2.1:6 പ്രകാരം ദേശീയപതാകയ്‌ക്കു മുകളിലൂടെ എഴുതുന്നത്‌ അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ്‌ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ദേശീയപതാകയെ അവഹേളിച്ചിരിക്കുന്നതെന്ന്‌ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ലോകായുക്ത ജസ്റ്റീസ്‌ കെ. ശ്രീധരന്‍, ഉപലോകായുക്തമാരായ ജസ്റ്റീസ്‌ കെ.എ. മുഹമ്മദ്‌ ഷാഫി, ജസ്റ്റീസ്‌ എന്‍. കൃഷ്‌ണന്‍നായര്‍ എന്നിവരുടെ ചിത്രങ്ങള്‍ അശോകചക്രത്തിന്റെ മുകളിലാണ്‌ തെളിയുന്നത്‌. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്ററാണ്‌ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ദേശീയപതാകയെ അവഹേളിച്ചതിനു ലോകായുക്ത മാപ്പുപറയണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.ചെയര്‍മാന്‍ എബി. ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, രാജേഷ്‌ കാവിപ്പറമ്പില്‍, അനൂപ്‌ ചെറിയാന്‍, ജോസ്‌ പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

---------------------------------------------------


Wednesday, July 23, 2008

അവഹേളനം: ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ മാപ്പ്‌ പറയണം



കോട്ടയം: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി മാറ്റണമെന്നാവശ്യപ്പെട്ട്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രധാനമന്ത്രി, കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി, ബി.സി.സി.ഐ. എന്നിവര്‍ക്കു പരാതി നല്‍കിയതായി ചെയര്‍മാന്‍ എബി. ജെ. ജോസ്‌ അറിയിച്ചു.

ഇന്ത്യ എന്ന പേരിനു മുകളില്‍ സ്വകാര്യ കമ്പനിയുടെ പരസ്യം ചേര്‍ത്തിരിക്കുന്നത്‌ അവഹേളനമാണെന്നു ഫൗണ്ടേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സിയില്‍ തിളക്കം സ്വകാര്യ കമ്പനിയുടെ പേരിനാണ്‌. ഇന്ത്യ എന്ന പേരിനു തിളക്കമില്ലെന്നും മങ്ങിയ നിലയിലാണ്‌ രാജ്യത്തിന്റെ പേര്‍ ആലേഖനം ചെയ്‌തിരിക്കുന്നതെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനിയുടെ പരസ്യം മാത്രമാണ്‌ കളിക്കാര്‍ കളത്തിലിറങ്ങുമ്പോള്‍ കാണുന്നത്‌. ന്യൂസിലാന്റ്‌, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ മറ്റ്‌ രാജ്യങ്ങളൊന്നും രാജ്യത്തിന്റെ പേരിനേക്കാള്‍ പ്രാധാന്യത്തില്‍ പരസ്യകമ്പനിയുടെ പേരുകള്‍ ചേര്‍ത്തിട്ടില്ലെന്നു ചിത്രങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.



രാജ്യത്തിന്റെ പേരിനേക്കാള്‍ പ്രാധാന്യത്തില്‍ സ്വകാര്യകമ്പനിയുടെ പരസ്യം നല്‍കിയതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നു ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിനു വന്‍ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ അതു മുതലെടുക്കാനുള്ള കുത്തക കമ്പനിയുടെ അജണ്ട നടപ്പാക്കുകയാണ്‌ ബി.സി.സി.ഐ. ചെയ്‌തതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു. ഈ ആക്ഷേപത്തിനു ബി.സി.സി.ഐ. പരസ്യമായി മാപ്പുപറയണമെന്നും ജേഴ്‌സി മാറ്റണമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നു ഫൗണ്ടേഷന്‍ വ്യക്തമാക്കി.

ചെയര്‍മാന്‍ എബി. ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി ജോര്‍ജ്‌, രാജേഷ്‌ കാവിപ്പറമ്പില്‍, അനൂപ്‌ ചെറിയാന്‍, ജോസ്‌ പുളിയ്‌ക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.