Tuesday, January 6, 2009

ജര്‍മനിയില്‍നിന്നെത്തി പാലാക്കാരനായി


ഹൃദയത്തിന്റെ കവാടത്തിലൂടെ ക്രിസ്റ്റ്യാ നും വിയോളയും കൈകോര്‍ത്തിറങ്ങി വന്നു. ഒരു വലിയ തുണിയില്‍ വരച്ച പ്രണയത്തിന്റെ അടയാളം വെട്ടിമാറ്റി അതിനുള്ളിലൂടെ വധൂവരന്മാര്‍ പുറത്തിറങ്ങിയപ്പോള്‍ കാഴ്ചക്കാര്‍ക്കു കൗതുകം. അവര്‍ സാക്ഷ്യം വഹിച്ചതു കേരള - ജര്‍മ്മന്‍ വിവാഹച്ചടങ്ങ്‌. ദീര്‍ഘായുസോടെ ഒന്നിച്ചുജീവിക്കാന്‍ വധൂവരന്മാരെ ബന്ധുക്കളും സുഹൃത്തുക്കളും അനുഗ്രഹിക്കുന്ന ചടങ്ങാണിത്‌. ഒന്നായതു ബര്‍ലിന്‍ സ്വദേശി ഡോ.ക്രിസ്റ്റ്യാനും പാല സ്വദേശി വിയോളയും.ബര്‍ലിനിലെ അലക്സാണ്ടര്‍ ഹാംബോള്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ പ്രഫസറായ ക്രിസ്റ്റ്യാന്‍ കേരളത്തെക്കുറിച്ചറിഞ്ഞതു വിയോളയിലൂടെ. വിവാഹം കേരളത്തില്‍ നടത്തണമെന്ന്‌ ആഗ്രഹമായി. എന്നാല്‍ കേരള-ജര്‍മന്‍ രീതികള്‍ സംയോജിപ്പിച്ചു പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ നടന്ന വിവാഹത്തിന്റെ രീതികള്‍ ക്രിസ്റ്റ്യാനെ തെല്ലൊന്നമ്പരിപ്പിച്ചു. വധൂവരന്മാരെ ആനയിക്കാനും തിരികെ കൊണ്ടുപോകാനും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനുമുണ്ടായിരുന്നു. ഒപ്പം പഞ്ചവാദ്യംകൂടിയായപ്പോള്‍ ഒരു ഉത്സവത്തിന്റെ പ്രതീതി. ജര്‍മനിയിലെ സെന്റ്‌ ജോസഫ്സ്‌ ആശുപത്രിയിലെ അസിസ്റ്റന്റ്‌ മെഡിക്കല്‍ ഡയറക്റ്ററായ പാറപ്പള്ളി ഡോ.തോമസ്‌ മറ്റത്തിലിന്റേയും മേരിമ്മയുടേയും പുത്രിയാണു വിയോള. മലയാളിയെങ്കിലും ജനിച്ചതും വളര്‍ന്നതും ജര്‍മ്മനിയില്‍. പഠനകാലത്തു യൂത്ത്‌ പാര്‍ലമെന്റ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മുട്ട്‌ കോര്‍ട്ട്‌ മത്സരത്തില്‍ ജര്‍മനിയിലും യൂറോപ്യന്‍ യൂനിയനിലും ഒന്നാം സ്ഥാനം നേടി. ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹ്യൂംബര്‍ട്ട്‌ ഹെയിലിന്റെ കോ-ഓര്‍ഡിനേഷന്‍ ടീമിലും അംഗമാണു വിയോള. ജര്‍മന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം. അതിനിടെ ഭരതനാട്യവും പഠിച്ചു. പഠനകാലത്താണു ജര്‍മന്‍ കഥാനായകനെ കണ്ടുമുട്ടുന്നത്‌. തുടര്‍ന്നു വിവാഹവും. വിയോളയെ മാമോദിസാ മുക്കിയ ഫാദര്‍ തോമസ്‌ ഐക്കര വിവാഹച്ചടങ്ങിനു കാര്‍മികത്വം വഹിച്ചതും പ്രത്യേകതയായി. വിവാഹത്തില്‍ ചെറുക്കന്‍കൂട്ടരായി ജര്‍മനിയില്‍ നിന്നു ക്രിസ്റ്റ്യാന്റെ പിതാവ്‌ ജോഹാന്‍സും മാതാവ്‌ മരിയാനും ഉള്‍പ്പെടെ അറുപതു പേര്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നൊരു മരുമകളെ കിട്ടിയതില്‍ സന്തോഷത്തിലാണു ക്രിസ്റ്റ്യാന്റെ മാതാപിതാക്കള്‍. ഒപ്പം കേരളത്തിന്റെ രീതികളെ അടുത്തറിഞ്ഞതിന്റേയും.

No comments: